Followers

Thursday, January 4, 2018

ഭരണപരിഷ്‌കാര കമ്മീഷന്‍ പൊതു ഹിയറിങ് ഇന്ന്

ഭരണപരിഷ്‌കാര കമ്മീഷന്‍ പൊതു ഹിയറിങ് ഇന്ന് (ജനുവരി 4-ന്)
കൊച്ചി: സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ പൊതു ഹിയറിങ് ഇന്ന് ജനുവരി നാല് വ്യാഴാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ് ഈ ഹിയറിങിന്റെ ലക്ഷ്യം. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ഹിയറിങിന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കും. കമ്മീഷന്‍ അംഗവും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി. നായര്‍, ഷീല തോമസ് എന്നിവരും പങ്കെടുക്കും. ഒന്‍പതു മണിക്കാണ് രജിസ്‌ട്രേഷന്‍.
വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളുമായി 2016 ഓഗസ്റ്റിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചത്. വിജിലന്‍സ് സംവിധാനത്തിന്റെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഭരണപരിഷ്‌കാരകമ്മീഷന്‍ ആദ്യമായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ ശേഷിവികസനം സംബന്ധിച്ച് വിദഗ്ധസമിതി രൂപീകരിച്ച് കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമനിയമങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരിയിലും ജനസൗഹൃദസേവനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മാര്‍ച്ച്  ഏപ്രില്‍ മാസത്തിലും സമര്‍പ്പിക്കും.
സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹിയറിങ് ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടത്തി. നാലിന് എറണാകുളത്ത് നടക്കുന്ന ഹിയറിങിന് ശേഷം അഞ്ചിന് പാലക്കാട് ടൗണ്‍ഹാളിലും 11ന് കണ്ണൂര്‍ പൊലീസ് സഭാ ഹാളിലും ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമനിയമങ്ങള്‍ സംബന്ധിച്ചാണ് പാലക്കാട്ടെ ഹിയറിങ്. മാനസികാരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമനിയമങ്ങള്‍ എന്നിവയാണ് കണ്ണൂരിലെ വിഷയം. ഹിയറിങിനായി നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ക്ക് പുറമെ ക്ഷേമനിയമങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കമ്മീഷന്‍ തെരഞ്ഞെടുത്തിട്ടുള്ള മറ്റ് വിഷയങ്ങളിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും.

വാഹന ഇന്‍ഷുറന്‍സ#്: ഉടമകളെ നിര്‍ബന്ധിക്കരുത്


കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉടമസ്ഥര്‍ വാങ്ങിക്കാന്‍ പോകുന്ന വാഹനത്തിന്റെ ചെയ്‌സിസ് നമ്പറും എഞ്ചിന്‍ നമ്പരും മറ്റ് വിവരങ്ങളും അഡ്രസും നല്‍കിയാല്‍ ഏത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സ്ഥാപനങ്ങളില്‍ നിന്നും ഇന്‍ഷ്വറന്‍സ് പോളിസി തുക ധാരണയുണ്ടാക്കി ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. 
അഞ്ചു വര്‍ഷമായ ഒരു വാഹനം വില്‍ക്കുമ്പോള്‍ നോ ക്ലെയിം ബോണസിന് അര്‍ഹനായ വ്യക്തി അതേ ക്ലാസിലുളള പുതിയ വാഹനം വാങ്ങിക്കുമ്പോള്‍ ഇതേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് തുകയില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വലിയ വാഹനം വാങ്ങിക്കുന്നവര്‍ക്ക് ഇത്തരത്തിലുളള ധാരണയിലൂടെ വലിയ ഒരു തുക ലാഭിക്കാനാകും. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓണ്‍ലൈന്‍ സര്‍വീസിലൂടെയും കുറഞ്ഞ തുകയ്ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് എടുക്കാം. ഇക്കാര്യത്തെ കുറിച്ച് അറിയാത്ത വാഹന ഉടമകള്‍ക്ക് ഇത്തരത്തിലുളള സര്‍വീസുകള്‍ കൊടുക്കുന്ന ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നടത്തുന്നവരെ സമീപിക്കാം.
ഒരു വാഹനം വാങ്ങിക്കുമ്പോള്‍ ഉപഭോക്താവ് പല ഡീലര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ വാങ്ങിച്ച് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ തരുന്ന ഡീലറില്‍ നിന്നും വാഹനം വാങ്ങിക്കുന്നതുപോലെ, ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയമുളള കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ച് ഡീലര്‍മാര്‍ക്ക് കൈമാറാനുളള അവകാശം ഉപഭോക്താവിനുണ്ടെന്നും  ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം


കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുളള പാചകക്കാരുടെ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഫുഡ് ക്രാഫ്റ്റില്‍ നിന്നും  കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10-ന് രാവിലെ 11-ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

സ്‌കൂള്‍ കുട്ടികള്‍ക്കുളള ചിത്രരചനാ മത്സരം മാറ്റിവച്ചു


കൊച്ചി: ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ ക്ഷീര സംഗമം 2017-18 നോടനുബന്ധിച്ച് ജനുവരി ആറിന് ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം എന്നിവ ജനുവരി 20-ലേക്ക് മാറ്റിവച്ചു.  നോര്‍ത്ത് പറവൂര്‍ പൂയപ്പിളളി ക്ഷീര സഹകരണ സംഘം ഹാളില്‍ മത്സരങ്ങള്‍ നടത്തും. ജൂനിയര്‍ വിഭാഗത്തിന് (10 വയസിന് താഴെ) കളറിംഗ് മത്സരം (ഓയില്‍ പേയ്സ്റ്റല്‍), സീനിയര്‍ വിഭാഗത്തിന് (10 മുതല്‍ 15 വയസു വരെ) പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ മത്സരം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടത്തുക. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് വയസു തെളിയിക്കുന്ന ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഡ്രോയിംഗ്/കളറിംഗ് സാമഗ്രികള്‍ എന്നിവ സഹിതം ജനുവരി 20-ന് രാവിലെ 10-ന് മുമ്പായി നോര്‍ത്ത് പറവൂര്‍ പൂയപ്പിളളി ക്ഷീര സഹകരണ സംഘം ഹാളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9497443830.

സംവരണ നിഷേധത്തിനെതിരെ അമ്മമാര്‍ കരിദിനം ആചരിച്ചു

  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര...